നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ലോംഗ്ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ ശ്രമത്തിൽ 7.66 മീറ്ററും മൂന്നാം ശ്രമത്തിൽ 7.56 മീറ്ററുമായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. നാലാം ശ്രമത്തിൽ കൂടുതൽ ദൂരം കണ്ടെത്താനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് താരം മത്സരത്തിൽ നിന്ന് പിന്മാറി.
ഇതോടെ അഞ്ചും ആറും ശ്രമങ്ങളിൽ ശ്രീശങ്കർ മത്സരിച്ചില്ല. തുടർന്ന് 8.07 മീറ്റർ പ്രകടനത്തിന്റെ മികവിൽ വെള്ളി മെഡൽ ഉറപ്പിക്കുകയായിരുന്നു. 8.17 മീറ്റർ ദൂരം ചാടിയ ചൈനയുടെ ഷി യുഹാവോയാണ് സ്വർണം നേടിയത്. ഉസ്ബക്കിസ്ഥാന്റെ അൻവർ അൻവറോവ് വെങ്കലവും സ്വന്തമാക്കി.
ലോംഗ്ജമ്പിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം പട്ടുരാജ് ഡേവിഡ് സോളമൻ ഏഴാം സ്ഥാനത്തെത്തി. ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന്റെ തുടർച്ചയായ രണ്ടാം മെഡൽ കൂടിയാണിത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതുകൂടാതെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വെള്ളി മെഡലും ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരം വിദ്യ രാംരാജിന് വെങ്കലം നേടി.
54.75 സെക്കൻഡിലാണ് വിദ്യ മൂന്നാമത് ഫിനിഷ് ചെയ്തത്. അതേസമയം ഹർഡിൽസിൽ മലയാളി താരം അനു രാഘവന് മെഡലില്ല. അനു അഞ്ചാമതായാണു ഫിനിഷ് ചെയ്തത്. പി.ടി. ഉഷയുടെ ദേശീയ റിക്കാർഡ് തിരുത്തിയ പ്രകടനമാണ് വിദ്യയുടേത്.